എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. അതേസമയം പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകൾ ക്രൈം ബ്രാഞ്ചിന് കൈമാറുന്ന കാര്യത്തിൽ ഹൈക്കോടതി നാളെ തീരുമാനമെടുക്കും.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും, കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കുന്നത്. കൂടാതെ കേസ് നടത്തിപ്പിന് പ്രതികൾ ഉപാധികൾ വെക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കി.
ഇന്ന് രാവിലെയോടെ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഫോണുകൾ മുദ്ര വച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപിൽ കൈമാറിയിരുന്നു. 6 ഫോണുകളാണ് ഇന്ന് കൈമാറിയത്. ഗൂഢാലോചന കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവായ ടിഎൻ സുരാജ് എന്നിവരുടെ ഫോണുകൾ ഹാജരാക്കിയാൽ മാത്രമേ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കൂ എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.
Read also: ജീവനക്കാരുടെ പക; ഡോക്‌ടറുടെ മകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി






































