തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താന്‍ സിബിഐ തീരുമാനം. പരിശോധനക്ക് വേണ്ടിയുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സുന്ദരം, ഡ്രൈവർ അര്‍ജുന്‍, സാക്ഷിയായ കലാഭവന്‍ സോബി തുടങ്ങിയവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുക.
ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ പരാതി പ്രകാരം സംശയനിഴലിലുള്ളവരാണ്
പ്രകാശ് തമ്പിയും വിഷ്ണു സുന്ദരവും. മുന്‍പ് നടന്ന ഒരു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് ഇരുവരും. സ്വര്‍ണക്കടത്തും മരണവുമായി ബന്ധമുണ്ടോയെന്നും സിബിഐ പരിശോധിക്കും.
മരണസമയത്ത് ഡ്രൈവർ അര്‍ജുനാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്ന നിലപാടിലാണ് അര്‍ജുന്‍. മൊഴികളിലെ ഇത്തരം വൈരുദ്ധ്യങ്ങളുടെ ദുരൂഹത നീക്കാനാണ് സിബിഐ ശ്രമിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നുണ പരിശോധനയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.