ധാക്ക: ഇന്ത്യയുമായുള്ള വിദേശനയം ബംഗ്ളാദേശിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് ബിഎൻപി (ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി) നേതാവ് താരിഖ് റഹ്‌മാൻ. ‘ബംഗ്ളാദേശ് ഫസ്‌റ്റ്’ എന്നതാണ് നയമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയുമായുള്ള ബംഗ്ളാദേശിന്റെ ബന്ധം എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ ബിഎൻപി നേടിയ വൻ വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരിഖ് റഹ്‌മാന്റെ മറുപടി. സന്തുലിതമായ ബന്ധങ്ങളാണ് ബംഗ്ളാദേശ് ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം പരിമിതപ്പെടുത്തില്ലെന്നും താരിഖ് റഹ്‌മാന്റെ ഉപദേശകൻ ഹുമയൂൺ കബീർ നേരത്തെ പറഞ്ഞിരുന്നു.
ഈ നിലപാടാണ് താരിഖ് റഹ്‌മാനും ആവർത്തിക്കുന്നത്. അതേസമയം, ബംഗ്ളാദേശിൽ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും യഥാർഥ സത്ത പുനഃസ്‌ഥാപിക്കപ്പെട്ടെന്ന് താരിഖ് റഹ്‌മാൻ പറഞ്ഞു. 12ന് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിഎൻപി വിജയം നേടിയതിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരിഖ് റഹ്‌മാൻ. വിജയം ജനാധിപത്യത്തിനായി ജീവൻ ത്യജിച്ചവർക്ക് അവകാശപ്പെട്ടതാണെന്നും താരിഖ് പറഞ്ഞു.
ബംഗ്ളാദേശിൽ 299 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 209 സീറ്റാണ് ബിഎൻപി നേടിയത്. 20 വർഷത്തിന് ശേഷമാണ് ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുന്നത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് രാജ്യം വിടേണ്ടി വന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































