സൂക്ഷിച്ചോളൂ, ഇന്ത്യയിലെ ഈ നഗരത്തിലെ ഭിക്ഷാടകർക്ക് പണം നൽകിയാൽ നിങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ഏതാണ് ആ രാജ്യമെന്നല്ലേ, മധ്യപ്രദേശിലെ ഇൻഡോർ ആണ് ആ സ്‌ഥലം. ഇൻഡോറിനെ യാചക വിമുക്‌ത നഗരമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
ജനുവരി ഒന്ന് മുതലാണ് ഇത് നടപ്പാക്കുക. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ഇൻഡോർ. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്‌ടർ അവിനാശ് സിങ് പറഞ്ഞു. ഭിക്ഷാടനത്തിന് എതിരായ ബോധവൽക്കരണ ക്യാമ്പയിനുകൾ ഈ മാസം അവസാന വാരം തുടരും.
ജനുവരി ഒന്ന് മുതൽ ആരെങ്കിലും ഭിക്ഷ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും ഭിക്ഷ നൽകി ഈ കുറ്റത്തിൽ പങ്കാളികളാകരുതെന്ന് ഇൻഡോറിലെ എല്ലാ താമസക്കാരോടും അഭ്യർഥിക്കുകയാണെന്നും കളക്‌ടർ കൂട്ടിച്ചേർത്തു. ഇൻഡോറിൽ ഭിക്ഷാടന മാഫിയ വ്യാപകമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കർശന നടപടിയുമായി രംഗത്തെത്തിയത്.
ആളുകളെ ഭിക്ഷ യാചിക്കാൻ ഇരുത്തുന്ന മാഫിയകളെ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു. യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇൻഡോറിന്റെ തെരുവുകളെയും യാചകരില്ലാത്ത ഇടമാക്കി മാറ്റുന്നത്. ഡെൽഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇൻഡോർ, ലഖ്‌നൗ, മുംബൈ, നാഗ്‌പുർ, പട്‌ന, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് കേന്ദ്ര പദ്ധതി നടപ്പാക്കുന്നത്.
ഭിക്ഷാടന വിരുദ്ധ പ്രചാരണം നടത്തുന്നതിനിടെ ഇൻഡോർ ഭരണകൂടം പല ഞെട്ടിക്കുന്ന കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ”ചില യാചകർക്ക് നല്ല വീടുണ്ട്. മറ്റു ചിലരുടെ മക്കൾ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഒരു യാചകനിൽ നിന്ന് 29,000 രൂപ കണ്ടെത്തി. മറ്റൊരാൾ പണം വായ്‌പ കൊടുത്ത് പലിശ വാങ്ങുന്നുണ്ടായിരുന്നു. രാജസ്‌ഥാനിൽ നിന്ന് ഒരു സംഘം, കുട്ടികളുമായി ഇവിടെ ഭിക്ഷാടനത്തിനായി എത്തിയിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് അവരെ രക്ഷപ്പെടുത്തിയത്”- പ്രോജക്‌ട് ഓഫീസർ ദിനേശ് മിശ്ര പറഞ്ഞു.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ