ന്യൂഡെൽഹി: കർഷകരെ ചെറുക്കാൻ രാജ്യാതിർത്തികളിൽ വൻ സുരക്ഷാ സന്നാഹം തീർത്ത് ഡെൽഹി പോലീസ്. പോലീസിനും അർധസൈനിക വിഭാഗത്തിനും ഒപ്പം ബഹുവിധ സുരക്ഷാ സന്നാഹവും അണിനിരന്നിട്ടുണ്ട്. ഇതോടെ കർഷക സമരകേന്ദ്രങ്ങൾ ഉരുക്കുകോട്ടക്ക് തുല്യമായി. സമരത്തിന്റെ പ്രഭവ കേന്ദ്രമായ സിംഘു അതിർത്തിയിൽ അന്താരാഷ്‌ട്ര അതിർത്തികൾക്ക് സമാനമായ രീതിയിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുള്ളുവേലികളും ബാരിക്കേഡുകളും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ഗാസിപുരിലേക്കുള്ള ദേശീയപാതയിൽ കോൺക്രീറ്റ് മറകളാണ് സ്‌ഥാനം പിടിച്ചിരിക്കുന്നത്. റിപ്പബ്‌ളിക് ദിനത്തിലുണ്ടായ സംഘർഷം ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഈ സുരക്ഷാസന്നാഹം ഒരുക്കിയിരിക്കുന്നത്. സിംഘുവിലെ സമരമുഖത്ത് നിന്ന് മൂന്ന് കിലോമീറ്റർ ഇപ്പുറം റോഡിന് കുറുകെ 10 മീറ്ററോളം ദൈർഘ്യത്തിൽ കിടങ്ങുണ്ടാക്കിയിട്ടുണ്ട്.
ഇരുമ്പ് ബാരിക്കേഡുകൾ സ്‌ഥാപിച്ചിട്ടുള്ളതിനാൽ ഒരു വാഹനത്തിനും ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കുകയില്ല. കോൺക്രീറ്റ് നിരപ്പിൽ നിരനിരയായി മുള്ളാണികളും വെച്ചു. ബാരിക്കേഡുകൾക്ക് മുന്നിലായാണ് മുള്ളുവേലികൾ സ്‌ഥാപിച്ചിരിക്കുന്നത്. വാഹനമിറങ്ങി സമരകേന്ദ്രത്തിലേക്ക് എത്തണമെങ്കിൽ മൂന്ന് കിലോമീറ്ററോളം നടക്കണം. ഒപ്പം പോലീസിന്റെ അനുമതിയും ആവശ്യമാണ്.
തിക്രി, ഗാസിപുർ അതിർത്തികളിലും സമാനമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് തട്ടുകളിലായി സിമന്റുപാളികൾ ഉറപ്പിച്ചും ഇരുമ്പ് ബാരിക്കേഡുകൾ വെച്ചും സമരക്കാരെ തടയാൻ പോലീസ് ശ്രമിക്കുന്നുണ്ട്. സുരക്ഷക്കായി നിലയുറപ്പിച്ച പോലീസിന്റെ കയ്യിൽ ഇരുമ്പ് ലാത്തികളും നൽകിയിട്ടുണ്ട്.
Also Read: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ