കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ രഞ്‌ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സ്‌ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം രജിസ്‌റ്റർ ചെയ്‌ത കേസാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്. എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു രഞ്‌ജിത്തിനെതിരെയുള്ള പരാതിയിൽ അന്വേഷണ ചുമതല.
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്‌ജിത്തിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട വിവരം ബംഗാളി നടി തുറന്നുപറഞ്ഞത്. രഞ്‌ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്‌ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്‌പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു.
കഴുത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങിയെന്നും നടി പറഞ്ഞു. എന്നാൽ, പാലേരി മാണിക്യത്തിൽ അഭിനയിക്കാനല്ല ഓഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്‌തികരമായി തോന്നാത്തതിനാൽ പിറ്റേന്ന് തന്നെ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്‌ജിത്തിന്റെ വാദം.
വിവാദം ശക്‌തമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനത്ത് നിന്ന് രഞ്‌ജിത്ത് രാജിവെച്ചിരുന്നു. ഓഗസ്‌റ്റിൽ പ്രത്യേക അന്വേഷണ സംഘം രഞ്‌ജിത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. 82ആം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നടി കോടതിയിൽ രഹസ്യമൊഴിയും നൽകിയിരുന്നു.
Most Read| ഇനി ‘കൈ’ പിടിച്ചു മുന്നേറാം; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു