ജറുസലേം: ഖത്തറിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നെതന്യാഹു പ്രതികരിച്ചു.
ഹമാസിനെ ലക്ഷ്യംവച്ചുള്ള ഖത്തറിലെ ആക്രമണത്തിൽ ഇസ്രയേലിനെ വിമർശിക്കുന്നതിൽ വൻ ഇരട്ടത്താപ്പ് ഉണ്ടെന്നും നെതന്യാഹു പറഞ്ഞു. സെപ്‌തംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം, ഐക്യരാഷ്‌ട്ര സംഘടന അംഗീകരിച്ച പ്രമേയത്തിൽ ഒരു രാജ്യത്തിനും ഭീകരവാദികളെ സംരക്ഷിക്കാനാവില്ലെന്ന് പറയുന്നുണ്ട്.
ഭീകരർക്ക് സുരക്ഷ ഒരുക്കിയതിനുശേഷം പരമാധികാരത്തെ കുറിച്ച് പറയാനാവില്ല. നിങ്ങൾക്ക് ഒളിക്കാം, നിങ്ങൾക്ക് ഓടാം, പക്ഷേ ഞങ്ങൾ നിങ്ങളെ പിടികൂടുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ തകർക്കപ്പെട്ട ബഹുനില കെട്ടിടങ്ങൾ ഹമാസിന്റെ ശക്‌തി കേന്ദ്രങ്ങളാണ്. ഗാസയെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നത് ഇസ്രയേൽ തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ചില അടിസ്‌ഥാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ഗൾഫ് രാജ്യങ്ങളുടെ രോഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാർക്കോ റൂബിയോ മറുപടി നൽകിയത്. ഇനിയെന്ത് എന്നതിലാണ് പൂർണ ശ്രദ്ധയെന്നായിരുന്നു റൂബിയോയുടെ പ്രതികരണം. എല്ലാ ബന്ദികളുടെയും ഉടൻ മോചിപ്പിക്കണം. ഗാസയിലെ ജനങ്ങൾ നല്ല ഭാവി അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read| ചൈനയുടെ ഭീഷണിക്ക് മറുപടി നൽകാൻ ഇന്ത്യ; ബ്രഹ്‌മപുത്രയിൽ കൂറ്റൻ അണക്കെട്ട് നിർമിക്കും