കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. പൃഥ്‌വിരാജിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ദുൽഖറിനെ വീടടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്‌ക്ക് എത്തിയത്.
ദുൽഖറിന്റെ കടവന്ത്രയിലെ വീട്ടിലാണ് റെയ്‌ഡ്. അമിത് ചക്കാലയ്‌ക്കൽ, വിദേശ വ്യവസായി വിജേഷ് വർഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടക്കുന്നുണ്ട്. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്‌ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.
ഭൂട്ടാനിലെ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്‌റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ് ഇപ്പോൾ ഇഡി പരിശോധനയ്‌ക്ക് എത്തിയിരിക്കുന്നത്. ഓപ്പറേഷന്റെ നുംഖോറിന്റെ ഭാഗമായി കസ്‌റ്റംസ് പിടിച്ചെടുത്ത ദുൽഖറിന്റെ വാഹനങ്ങൾ വിട്ടുനൽകണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.
വാഹനം വിട്ടുനൽകണമെന്ന നടന്റെ ആവശ്യത്തിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്‌തികൾക്കെതിരെ തെളിവുകൾ ഇല്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്‌റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.
ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്‌ഡ് എന്നാണ് ഇഡിയുടെ വിശദീകരണം. ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു,
കോയമ്പത്തൂർ ആസ്‌ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റു സംസ്‌ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർക്ക് കുറഞ്ഞ വിലയ്‌ക്ക് വിട്ടു. ഫെമയുടെ 3,4,8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്‌ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്