പാലക്കാട്: സിപിഎം നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഹോണററി സെക്രട്ടറി വികെ ജനാർദനനെയും ജീവനക്കാരനായ മണികണ്‌ഠനെയും സസ്‌പെൻഡ് ചെയ്‌തു.
സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. ഇവിടെ നിന്ന് പലർക്കും വായ്‌പ നൽകിയിരുന്നത് കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താതെയാണ്. വായ്‌പ എടുത്തവരുടെ ഒപ്പ് പോലും രേഖകളിലില്ല.
അതേസമയം, സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ, നിലവിലെ ഭരണസമിതിക്ക് യാതൊരു സാമ്പത്തിക നഷ്‌ടവും ഉണ്ടായിട്ടില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ജീവനക്കാർ അവരവരുടെ പേപ്പർ വർക്ക് ചെയ്‌തില്ലെന്നും അതാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും സിപിഎം നേതൃത്വം വ്യക്‌തമാക്കി.
Also Read: ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ‘ഓണപ്പിരിവ്’; രണ്ട് പേർക്ക് സസ്‌പെൻഷൻ







































