കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പോസ്‌റ്റുമോർട്ടം, ഇൻക്വസ്‌റ്റ് റിപ്പോർട്ടുകൾ പുറത്ത്. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് ബിന്ദുവിന്റെ മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഭാരമുള്ള വസ്‌തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു.
കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്റെ തലയോട്ടി തകർന്നിരുന്നതായാണ് ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായി പരിക്കേറ്റിരുന്നു. തലയുടെ മുക്കാൽ ശതമാനവും തകർന്നിരുന്നുവെന്നും വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ബിന്ദു ശ്വാസം മുട്ടിയാണ് മരിച്ചതെന്ന വാദം തള്ളുന്നതാണ് രണ്ട് റിപ്പോർട്ടുകളും. രക്ഷാപ്രവർത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും ഇതാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആയിരുന്നു ആരോപണങ്ങൾ. എന്നാൽ, ബിന്ദുവിനെ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് പുറത്തെടുത്ത സമയത്ത് ശ്വാസം ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നത്.
അതിനിടെ, ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണ്. സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും മന്ത്രി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!