കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ് സംസ്‌കാര ചടങ്ങിലും പൊതുദർശനത്തിലും നടന്നത്.
‘അമ്മാ… ഇട്ടേച്ച് പോകല്ലമ്മാ…’ എന്ന് ഉറക്കെ നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ശസ്‌ത്രക്രിയ കഴിഞ്ഞ മകൾ നവമി ഉറക്കെ കരയാനാകാതെയാണ് ദുഃഖം ഉള്ളിലൊതുക്കി അമ്മയുടെ മൃതദേഹത്തിനരികിൽ ഇരുന്നത്. തന്നെയും മക്കളെയും വിട്ടുപോയ, കുടുംബത്തിന്റെ അത്താണിയായ ബിന്ദുവിനെ ഓർത്ത് ഭർത്താവ് വിശ്രുതനും പലപ്പോഴായി പൊട്ടിക്കരഞ്ഞു.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ പൊതുദർശനത്തിനിടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച ആശുപത്രിയിലെത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ പോയതായിരുന്നു ബിന്ദു.
അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്‌തമാക്കി. സംസ്‌കാര ചടങ്ങുകൾക്കായി 50,000 രൂപയും മറ്റ് ധനസഹായം മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു.
രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ ഒരുപക്ഷെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് വിശ്രുതൻ രംഗത്തെത്തിയിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്‌ഥയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വീഴ്‌ച മറച്ചുവെക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു. ആശ്വാസവാക്കുമായി ആരും വന്നില്ല. കലക്‌ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ലെന്നും വിശ്രുതൻ പറഞ്ഞു.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!