പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ. പോലീസ് തടഞ്ഞതോടെ ഉപരോധമായി. ആരോപണ വിധേയനായ എംഎൽഎയെ ഓഫീസിൽ കയറ്റില്ലെന്ന് പ്രവർത്തകർ പറഞ്ഞു. രാഹുൽ രാജിവെക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. എന്നാൽ, പോലീസുമായി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിച്ചു.
രാഹുൽ ഇന്ന് പാലക്കാട് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തിൽ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്‌ഐയും ബിജെപിയും വനിതകളെ മുൻനിർത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിൽ ചില സ്വകാര്യ ചടങ്ങുകളിൽ ആദ്യം സജീവമാകാനാണ് രാഹുൽ ആലോചിക്കുന്നത്.
എന്നാൽ, രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുലിനെതിരെ തേർഡ് പാർട്ടി പരാതികൾ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാൽ രാഹുൽ സഭയിലെത്തുന്നതിനും മണ്ഡലത്തിൽ സജീവമാകുന്നതിനും തടസമില്ലെന്നാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
വികെ ശ്രീകണ്‌ഠൻ എംപി ഉൾപ്പടെയുള്ളവർ രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ മണ്ഡലത്തിൽ എത്തിച്ച് പ്രവർത്തനങ്ങളിൽ സജീവമാകാൻ ഷാഫി പറമ്പിൽ എംപി ഉൾപ്പടെയുള്ളവർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശക്‌തമായ എതിർപ്പ് മറികടന്ന് രാഹുൽ സഭാ സമ്മേളനത്തിൽ പങ്കെടുത്തത് ഏറെ ചർച്ചയായിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി