ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് മരണം. 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്റ്റേഷനും പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിയമർന്നു.
ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിൽ അറസ്റ്റിലായവരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ ചെറിയ സ്ഫോടനങ്ങൾ ഉണ്ടായി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് അധികൃതർ നൽകുന്ന വിവരം.
ഫൊറൻസിക് വിദഗ്ധരും പോലീസും റവന്യൂ അധികൃതരും പരിശോധന നടത്തുന്നതിനിടെയാണ് ഇന്നലെ അർധരാത്രി പൊട്ടിത്തെറി ഉണ്ടാവുന്നത്. നൗഗാം പോലീസ് സ്റ്റേഷന് മുന്നിൽ ജെയ്ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്റർ പതിപ്പിച്ചതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒടുവിലാണ് ഡോക്ടർമാർ ഉൾപ്പെട്ട വലിയ ഭീകര സംഘത്തെ പിടികൂടിയത്.
2900 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റുമുണ്ടായിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ ജമ്മുവിലെ സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഫരീദാബാദിൽ ആദ്യം പരിശോധന നടത്തി ഭീകര ബന്ധം കണ്ടെത്തിയത് ജമ്മു പോലീസാണ്. അതിനാലാണ് സ്ഫോടക വസ്തുക്കൾ ഇവിടേക്ക് കൊണ്ടുവന്നത്. പിന്നീടാണ് എൻഐഎക്ക് കൈമാറിയത്.
ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകീട്ട് 6.52നായിരുന്നു ഡെൽഹിയെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡെൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ജുമാ മസ്ജിദിനും സമീപമാണ് സ്ഫോടനമുണ്ടായത്. 13 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണെന്ന് കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് ഫരീദാബാദിൽ നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടായിരുന്നു. സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാക്കിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉൽഭവം തുർക്കിയിൽ നിന്നാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും






































