ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പാക്ക് പ്രാദേശിക മാദ്ധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
വ്യാഴാഴ്‌ച രാവിലെ നഗരത്തിൽ സ്‌ഫോടന ശബ്‌ദം കേട്ടെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. അതിനിടെ, ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് മേഖലകളിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
വ്യാഴാഴ്‌ച രാവിലെ മുതൽ മേഖലയിൽ പലതവണ വൻ സ്‌ഫോടനങ്ങൾ ഉണ്ടായെന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. സ്‌ഫോടനങ്ങൾക്ക് പിന്നാലെ നഗരത്തിൽ സൈറൺ മുഴങ്ങി. പരിഭ്രാന്തരായ ജനങ്ങളെല്ലാം വീടുകളിൽ നിന്ന് ഇറങ്ങിയോടി. നഗരത്തിലാകമാനം പുകമൂടിയ സ്‌ഥിതിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നും വിവരങ്ങളുണ്ട്.
അതിനിടെ, ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യയുമായി കിഴക്കൻ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ബലൂചിസ്‌ഥാനിലെ തന്നെ ആഭ്യന്തര സംഘർഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്.
ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ബോലാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്‌ത അക്രമണങ്ങളിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടത്. ബലൂച് ലിബറേഷൻ ആർമിയുടെ സ്‌പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്‌ക്വാഡ് (എസ്‌ടിഒഎസ്) ആണ് ബോലാനിൽ വെച്ച് നിയന്ത്രിത ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്. സ്‌ഫോടനത്തിൽ സൈനിക വാഹനം പൂർണമായും തകർന്നു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ