ന്യൂഡെൽഹി: ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം നിർത്തിയിട്ട രണ്ട് കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒമ്പത് മരണം റിപ്പോർട് ചെയ്തു. 25ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
റോഡിന് നടുവിലാണ് സ്ഫോടനം നടന്നത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങൾക്ക് തീപിടിച്ച് പൂർണമായും തകർന്നു. മുപ്പതിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഡെൽഹി അഗ്നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി. തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു.
സ്ഫോടന ശബ്ദം കേട്ട ഉടൻ ആളുകൾ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. കാറിന് സമീപമുണ്ടായിരുന്ന പലർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ പരിസരം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
ബോംബ് സ്ക്വാഡ് അടക്കം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹി പോലീസ് കമ്മീഷണറുമായി ഫോണിൽ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം അതീവ ഗൗരവമായാണ് സുരക്ഷാ സേനകൾ നോക്കിക്കാണുന്നത്.
ജമ്മു കശ്മീർ സ്വദേശികളായ രണ്ട് ഡോക്ടർമാരെ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. ചെങ്കോട്ടയ്ക്ക് സമീപം ഒരു സിഖ് സംഘടനയുടെ പരിപാടി നാളെ നടക്കാനിരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള പന്തൽ അടക്കം കെട്ടിയിരുന്നു.
Most Read| തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്






































