കണ്ണൂർ: അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയ തോണി കടലിൽ തകർന്നു. പികെ സ്മനേഷിന്റെ (43) ഫൈബർ തോണിയാണ് ശക്തമായ തിരയിൽപ്പെട്ട് പാറയിലിടിച്ച് തകർന്നത്. തോണിയിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി.
സ്മനേഷിന് പുറമെ, പ്രത്യൂഷ് (19), ഷിജിത്ത് (21) എന്നിവരാണ് തോണിയിൽ ഉണ്ടായിരുന്നത്. എല്ലാവരും നീർക്കടവ് സ്വദേശികളാണ്.
ഞായറാഴ്ച രാവിലെ ഏഴരയോടെ മീൻകുന്ന് ബീച്ചിന് സമീപത്താണ് അപകടം നടന്നത്. ശക്തമായ തിരയിൽപ്പെട്ട് തോണി പാറയിലിടിച്ച് തകരുകയായിരുന്നു. രാവിലെ കടൽ പ്രക്ഷുബ്ധമായിരുന്നു എന്ന് മൽസ്യ തൊഴിലാളികൾ പറഞ്ഞു. അപകടസമയം സമീപത്തൊന്നും തോണികളുണ്ടായിരുന്നില്ല. സംഭവം കണ്ട നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് നീർക്കടവിൽനിന്ന് വിനൂപിന്റെ നേതൃത്വത്തിൽ മൂന്നുപേർ തോണിയുമായി എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തോണിയിൽ കരക്കെത്തിച്ച മൂന്നുപേരെയും പ്രഥമശുശ്രൂഷക്ക് ശേഷംവിട്ടയച്ചു. അതേസമയം തോണിയും ഘടിപ്പിച്ച എൻജിനും പൂർണമായും നശിച്ച നിലയിലാണ്. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Malabar News: പോത്തുകല്ലിൽ വീണ്ടും കാട്ടാനശല്യം; കൃഷിയിടങ്ങളിൽ വ്യാപക നാശം







































