കണ്ണൂർ: ജില്ലയിലെ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട ജിഷ്ണുവിനോടൊപ്പം വന്നവര്‍ തന്നെയാണ് ബോംബെറിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂര്‍ തോട്ടടയില്‍ ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു വിവാഹ സംഘത്തിന് നേരെ ബോംബേറുണ്ടായത്. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് പതിച്ചത്. അക്രമി സംഘം ആദ്യം ഒരുതവണ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. തുടർന്ന് രണ്ടാമത് എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീഴുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സമീപ പ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി വിവാഹ വീട്ടില്‍ തർക്കം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
Most Read: തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു







































