സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. അക്രമികളുടെ കാറിൽ നിന്ന് ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എസ്‌ഐയോ ആണ് അന്വേഷണം നടത്തുന്നത്.
ഐഎസിന്റെ സിഡ്‌നി സെല്ലുമായി കൊലയാളികളിൽ ഒരാൾ ആറുവർഷം മുൻപ് ബന്ധപ്പെട്ടുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അക്രമികളിൽ ഒരാളായ നവീദ് അക്രം ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.
ഇന്ത്യൻ സമയം ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2.17 ഓടെയായിരുന്നു സംഭവം. ഭീകരാക്രമണമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിരുന്നു. വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. പത്തുവയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 40 പേർക്കാണ് പരിക്കേറ്റത്. രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. രണ്ടാമത്തെയാൾ സാരമായ പരിക്കുകളോടെ ചികിൽസയിലാണ്.
നവീദ് അക്രം, പിതാവ് സജീദ് അക്രം എന്നിവരാണ് കൂട്ടക്കൊല നടത്തിയത്. സജീദ് അക്രമാണ് പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിവയ്‌പ്പിനിടെ അക്രമിയെ കീഴടക്കി തോക്ക് കൈവശപ്പെടുത്തി, അക്രമിയെ പിടികൂടാൻ സഹായിച്ച വഴിയാത്രക്കാരനെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പടെയുള്ളവർ അഭിനന്ദിച്ചു.
അഹ്‌മദ് അൽ അഹ്‌മദ് ആണ് രാജ്യാന്തര പ്രശംസ ഏറ്റുവാങ്ങിയത്. ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്‌ഥപ്പെടുത്തുന്നതും ആണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ വിവിധ മുസ്‌ലിം സംഘടനകളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആക്രമണത്തെ അപലപിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































