ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്‌തിഷ്‌ക മരണമാണ് സ്‌ഥിരീകരിച്ചത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും.
തിരക്കിൽപെട്ട് കുട്ടിയുടെ അമ്മ രേവതി മരിച്ചിരുന്നു. അപകട ശേഷം പൂർണമായും കുട്ടി അബോധാവസ്‌ഥയിൽ ആയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മികച്ച ചികിൽസ ലഭ്യമാക്കുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചിട്ടുണ്ട്. പുഷ്‌പ 2 റിലീസ് ദിന തലേന്ന് ജനുവരി നാലാം തീയതിയാണ് പല തിയേറ്ററുകളിലും പെയ്‌ഡ് പ്രീമിയറുകൾ നടന്നത്.
ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ബുധനാഴ്‌ച രാത്രി നടന്ന പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തിൽ രേവതിയുടെ ഭർത്താവിനും രണ്ട് മക്കൾക്കും പരിക്കേറ്റിരുന്നു. ഇതിൽ ഒമ്പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് തിയേറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യക്കാണ് പോലീസ് കേസെടുത്തത്. തിയേറ്റർ ഉടമകളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച അല്ലു അർജുൻ, എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി തീരുമാനം വരുന്നതിന് മുൻപ് പോലീസ് വീട്ടിലെത്തി അല്ലുവിനെ അറസ്‌റ്റ് ചെയ്‌തു. ഡിസംബർ 13ന് മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട താരത്തിന് വൈകിട്ട് ഹൈക്കോടതി രണ്ടാഴ്‌ചത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. രാത്രി ജയിലിൽ കഴിയേണ്ടിവന്ന താരം പിറ്റേന്നാണ് മോചിതനായത്.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ