കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി എത്തിയത്.
കോട്ടയത്തും കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽപെട്ട് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് (52) മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിന് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും.
കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്. രാവിലെ 11 മണിയോടെയാണ് സംഭവം.
പതിനാലാം വാർഡിനോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശിനി അലീന വിൻസെന്റിന് (11) പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിൽസയിൽ കഴിയുന്ന മുത്തശ്ശിയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
തകർന്ന കെട്ടിടത്തിലെ വാർഡുകളിലുള്ള രോഗികളെ നാളെ രാവിലെയോടെ പുതിയ ബ്ളോക്കിലേക്ക് മാറ്റുമെന്ന് മന്ത്രി വാസവൻ അറിയിച്ചിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ കലക്ടർ ജോൺ വി സാമുവൽ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. നാളെ അന്വേഷണം ആരംഭിക്കും. കെട്ടിടം തകർന്നുവെന്ന് പറയാനാകില്ല. കെട്ടിടത്തിന്റെ ബലക്ഷയമുള്ള ഭാഗങ്ങൾ തകരുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട് സമർപ്പിക്കുമെന്നും കലക്ടർ പറഞ്ഞു.
രാവിലെ അപകടവിവരമറിഞ്ഞ് മന്ത്രി വീണാ ജോർജും മന്ത്രി വിഎൻ വാസവനും സ്ഥലത്ത് എത്തിയിരുന്നു. തകർന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ലെന്നാണ് മന്ത്രിമാരുടെ വാദം. അതിനിടെ, മരിച്ച ബിന്ദുവിന്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ ആശുപത്രിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി.
കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. തുടർന്ന് സമരക്കാരെ പോലീസ് ആംബുലൻസിന് മുന്നിൽ നിന്ന് തള്ളിമാറ്റിയതോടെ പോലീസും സമരക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ആംബുലൻസ് കടത്തിവിട്ടെങ്കിലും തർക്കം തുടരുകയാണ്.
ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ പ്രതിഷേധം. ബിന്ദുവിന്റെ മൃതദേഹം കൊണ്ടുപോകാതെ പ്രതിഷേധിക്കാനാണ് അവരുടെ കുടുംബം തീരുമാനിച്ചതെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരെ പോകാൻ അനുവദിക്കണമെന്ന് പറയാൻ വന്നപ്പോഴാണ് പോലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!