മുംബൈ: അപൂർവരോഗം പടർന്നുപിടിക്കുന്ന ബുൽഡാനിലെ ഗ്രാമങ്ങൾ വിദഗ്‌ധ സംഘം സന്ദർശിക്കും. മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ ബുൽഡാനിൽ ആശങ്ക വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടൽ.
ഒമ്പതംഗ വിദഗ്‌ധ സംഘത്തെയാണ് നിയോഗിച്ചത്. ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിലെ ശാസ്‌ത്രജ്‌ഞർ, ദേശീയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്‌ടർ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആൻഡ് ബാർലി റിസർച്ച് ഡയറക്‌ടർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവർത്തനം.
സംസ്‌ഥാന സർക്കാർ നിയോഗിച്ച ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ഗ്രാമങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട് സമർപ്പിക്കുകയുമാണ് ഇവരുടെ ചുമതല. ലഭ്യമായ കണക്കനുസരിച്ച് ഇതുവരെ ഒമ്പത് ഗ്രാമങ്ങളിൽ 56 പേർക്ക് നഖം കൊഴിച്ചിൽ റിപ്പോർട് ചെയ്‌തുകഴിഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് 15 ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട് ചെയ്‌തത്. നഖങ്ങൾക്ക് നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ് നിലവിലത്തേത്. നഖങ്ങൾ വെള്ള നിറത്തിലേക്കും പിന്നീട് കറുപ്പ് നിറത്തിലേക്കും മാറി കൊഴിഞ്ഞുപോകുന്ന സ്‌ഥിതിയാണ്.
മനുഷ്യശരീരത്തിൽ സെലിനിയത്തിന്റെ അളവ് കൂടുന്നത് മുടി, നഖം എന്നിവയുടെ കൊഴിച്ചിലിന് കാരണമാകുമെന്നും കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അമോൽ ഗിതെ അറിയിച്ചു. ഉയർന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വിദഗ്‌ധ സംഘം നേരത്തെ പറഞ്ഞിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!