തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. പത്തുലക്ഷം രൂപയും ബിന്ദുവിന്റെ മകൻ നവനീതിന് സർക്കാർ ജോലിയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ മാസം ഒന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ചത്. മകളുടെ ചികിൽസയുമായി ബന്ധപ്പെട്ടായിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും ആശുപത്രിയിലെത്തിയത്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ പോയതായിരുന്നു ബിന്ദു.
വിഷയത്തിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മന്ത്രിമാർ ഉൾപ്പടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷിതമല്ലെന്ന് 12 വർഷം മുൻപ് പൊതുമരാമത്ത് റിപ്പോർട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ളോക്ക് അടക്കം പ്രവർത്തിച്ചിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!