ടൊറാന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം സെപ്റ്റംബർ 21 വരെ നീട്ടി കനേഡിയൻ സർക്കാർ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടിക്കൊണ്ടുള്ള തീരുമാനം തിങ്കളാഴ്‌ചയാണ് സർക്കാർ സ്വീകരിച്ചത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കനേഡിയൻ ട്രാൻസ്‌പോർട്ട് വിഭാഗം അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ, പാസഞ്ചർ വിമാനങ്ങൾക്കുള്ള നിരോധനം കാനഡ ആദ്യം ഏർപ്പെടുത്തിയത് ഏപ്രിൽ 22നാണ്. പിന്നീട് പല തവണയായി നിരോധനം നീട്ടുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് നിയന്ത്രണം നീട്ടി നൽകുന്നത്. ഓഗസ്‌റ്റ് 21ന് നിരോധനം അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സെപ്റ്റംബർ 21 വരെ യാത്രാ വിലക്ക് തുടരുമെന്നാണ് വ്യക്‌തമാക്കിയത്.
Read Also: ‘അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുത്’; സുപ്രീം കോടതി







































