പത്തനംതിട്ട: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതിയിലുള്ള ഡ്രൈവിങ് എന്നിവയ്‌ക്ക് എതിരെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, അപകടത്തിൽ മരിച്ച ആദിലക്ഷ്‌മി, യദുകൃഷ്‌ണൻ എന്നീ കുട്ടികളുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാണ് ആദിലക്ഷ്‌മിയുടെ മൃതദേഹമുള്ളത്. അതേസമയം, യദുകൃഷ്‌ണന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ഇന്നലെ വൈകീട്ട് മൂന്നര മണിയോടെയാണ് സ്‌കൂളിൽ നിന്നും വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞത്. ആറ് വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടിയോളം താഴ്‌ചയിലുള്ള തോട്ടിലേക്കാണ് വീണത്.
അമിത വേഗതയിലുള്ള വാഹനം വെട്ടിച്ചാൽ മാത്രമേ ഗുരുതരമായ രീതിയിലുള്ള അപകടം ഉണ്ടാകുള്ളൂവെന്ന നിഗമനത്തിലാണ് മേൽപ്പറഞ്ഞ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ കുട്ടികളിലൊരാൾ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലും മറ്റൊരു കുട്ടി കോട്ടയം മെഡിക്കൽ കോളേജിലും ചികിൽസയിലാണ്. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ട കുട്ടികൾ.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































