തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്‌ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
കൃഷ്‌ണഭക്‌ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്‌ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്‌തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്‌തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു.
പിന്നാലെയാണ് ജസ്‌ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്‌തംഭത്തിനടുത്തുള്ള കാണിക്കയ്‌ക്ക് മുകളിലുള്ള കൃഷ്‌ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ കലാപശ്രമം ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.
ആധികാരികമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും മനോഹരമായി വരച്ച ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന ജസ്‌ന സലീം ഏറ്റവും കൂടുതൽ വരയ്‌ക്കുന്നത് ശ്രീകൃഷ്‌ണ ചിത്രങ്ങളാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച കൃഷ്‌ണന്റെ ചിത്രം നേരിട്ടു സമ്മാനിക്കുകയും ജസ്‌നയിൽ നിന്നും ഈ ചിത്രം കൈപ്പറ്റുന്നതിന്റെ ഫോട്ടോയും വിവരങ്ങളും സഹിതം തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമത്തിൽ നരേന്ദ്രമോദി പ്രസിദ്ധപ്പെടുത്തിയത് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തതോടെ താരമായി മാറുകയായിരുന്നു ജസ്‌ന.

കൃഷ്‌ണനെ വരയ്‌ക്കുന്നതിൽ നിരവധി എതിർപ്പുകളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ജസ്‌ന താമരശ്ശേരി പൂനൂരിലെ മജീദിന്റെയും സോഫിയയുടെയും മൂന്നാമത്തെ മകളാണ്. ജസ്‌ന-സലിം ദമ്പതികൾക്ക് ലെൻഷാൻ, ലെൻഷ്‌ക എന്നിവരാണ് മക്കൾ.
KERALA | ഷഹബാസ് വധക്കേസിൽ 6 കുട്ടികൾക്കും ജാമ്യമില്ല