തിരുവനന്തപുരം: ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി.
ആരോപണം ഉന്നയിച്ച സ്‌ത്രീകളിൽ നിന്ന് നേരിട്ട് പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ കൂടിയാലോചിച്ചതിന് ശേഷമാണ് നിയമനടപടിയിലേക്ക് കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിനെതിരെ ആരോപണം ഉയർന്നിരുന്നത്. ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നത് ഉൾപ്പടെയുള്ള ശബ്‌ദ സന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ സൈബർ വിഭാഗവും കേസെടുക്കാനാണ് സാധ്യത. ബാലാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും രാഹുലിനെതിരെ പരാതികൾ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി