ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമയെ സ്‌ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടികൾക്ക് (ഇംപീച്ച്മെന്റ്) തുടക്കം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി സ്‌പീക്കർ ഓം ബിർള ലോക്‌സഭയെ അറിയിച്ചു.
എംപിമാർ നേരത്തെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നു. വർമയെ പുറത്താക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. നോട്ടീസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീം കോടതി ജഡ്‌ജി സമിതി അധ്യക്ഷനായിരിക്കും. ഹൈക്കോടതി ജഡ്‌ജിയും നിയമവിദഗ്‌ധനും സമിതിയിലുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും നടപടികൾ.
മൂന്ന് മാസത്തിനകം റിപ്പോർട് നൽകണം. അടുത്ത സമ്മേളനം റിപ്പോർട് പരിഗണിക്കും. മാർച്ച് 14നാണ് ജഡ്‌ജിയുടെ വീട്ടിൽ തീപിടിച്ചത്. തീ അണയ്‌ക്കുന്നതിനിടെ കണക്കിൽപ്പെടാത്ത പണം അഗ്‌നിരക്ഷാസേന കണ്ടെത്തുകയായിരുന്നു. ഈ സമയം ജസ്‌റ്റിസ് വർമയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. കത്തി നശിച്ച പണത്തിന്റെ വീഡിയോ ഡെൽഹി പോലീസ് കമ്മീഷണർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കൈമാറിയതോടെയാണ് സംഭവം വിവാദമായത്.
ഇതോടെ മാർച്ച് 21ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്‌തു. യശ്വന്ത് വർമയ്‌ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും വർമയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയിൽ പണം സൂക്ഷിക്കാൻ ആകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽ നിന്ന് മാറ്റി നിർത്താൻ ഡെൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതോടെ വർമയെ സ്‌ഥലം മാറ്റുകയും ചെയ്‌തു. അലഹബാദ് ഹൈക്കോടതിയിലേക്കാണ് മാറ്റിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ