തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന സർക്കാർ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈൻ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തിൽ എറണാകുളം മേഖലയിലാണ് ഈ മാറ്റം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈൻ ബോട്ടുകളാകും.
നേരത്തെ ആലപ്പുഴയിൽ ഒരു കറ്റാമറൈൻ ബോട്ട് സർവീസ് ആരംഭിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യയോടു കൂടിയ കറ്റാമറൈൻ ബോട്ടുകളിൽ 100 പേർക്ക് യാത്ര ചെയ്യാനാവും. നിലവിലെ ബോട്ടുകളിലെ യാത്രാ നിരക്ക് തന്നെയാവും ഇതിലും. സുരക്ഷയും യാത്രാസുഖവും ഉറപ്പ് നൽകുന്നവയാണ് കറ്റാമറൈൻ ബോട്ടുകൾ. എഞ്ചിന്റെ കടുത്ത ശബ്‌ദം ഇത്തരം ബോട്ടുകൾക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
സാധാരണ ബോട്ടുകളെക്കാൾ വലിപ്പക്കൂടുതലുള്ള ഇവക്ക് 22 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുണ്ട്. രണ്ട് എഞ്ചിനും രണ്ട് ഹള്ളുമാണ് ഉള്ളത്. കപ്പൽ സാങ്കേതിക വിദ്യയിലെ വിദഗ്‌ധ ശാസ്‌ത്രജ്‌ഞരും എഞ്ചിനീയർമാരും ഉൾപ്പെട്ട സമിതി ഓരോ ഘട്ടവും പരിശോധിച്ചാണ് ബോട്ടുകളുടെ നിർമാണം പുരോഗമിക്കുന്നതെന്ന് ജലഗതാഗതവകുപ്പ് ഡയറക്‌ടർ ഷാജി വി നായർ പറയുന്നു. എറണാകുളം ജില്ലയിൽ കറ്റാമറൈൻ ബോട്ടുകൾ പൂർണതോതിൽ സർവീസ് ആരംഭിക്കുന്നതോടെ ബോട്ട് യാത്രയെ ആശ്രയിക്കുന്ന 80000ത്തിലധികം പേർക്ക് സുഖയാത്രക്ക് അവസരമൊരുങ്ങും.
ഇതിനോടൊപ്പം ജില്ലയിൽ വാട്ടർ ടാക്‌സി സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ആലപ്പുഴയിലും പറശിനിക്കടവിലും വാട്ടർ ടാക്‌സി പദ്ധതി വിജയമായതോടെയാണ് എറണാകുളത്തും ആരംഭിക്കാൻ തീരുമാനിച്ചത്. വാട്ടർ ടാക്‌സിയിൽ ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാനാകും.
Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം