കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പൂച്ചകൾ ചത്തത് വൈറസ് ബാധയെ തുടർന്നെന്ന് സ്‌ഥിരീകരണം. കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഫൈലൈൻപാർ വോ വൈറസ് സാന്നിധ്യം പൂച്ചകളിൽ ഉണ്ടായിരുന്നതായി തെളിഞ്ഞത്.
അതേസമയം, ഇത് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരുന്ന വൈറസ് അല്ലെന്നും അതുകൊണ്ടുതന്നെ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. കഴിഞ്ഞ ഒരാഴ്‌ചക്കകം പ്രദേശത്തെ വിവിധ വീടുകളിലായി അമ്പതോളം പൂച്ചകളായിരുന്നു ചത്തത്. ഇതേത്തുടർന്നാണ് പൂച്ചകളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചത്.
വൈറസ് ബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും, രോഗം മറ്റു പൂച്ചകളിലേക്ക് പകരുന്നതിനാൽ ഇവയുടെ സമ്പർക്കം ഒഴിവാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ, പൂച്ചകൾക്ക് വാക്‌സിൻ നൽകി സുരക്ഷിതരാക്കണമെന്നും അധികൃതർ പറഞ്ഞു.
Read Also: മെഗാ വാക്‌സിനേഷൻ ഡ്രൈവ്; വയനാട്ടിൽ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 19,000 പേർ