കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സഞ്‌ജയ് റോയിയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. പ്രതിയായ സഞ്‌ജയ് റോയ്, വനിതാ ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്‌ടർ വിശ്രമിക്കാൻ പോയ സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് 200 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസിൽ ഒന്നിലധികം പ്രതികളുണ്ടോ, കൂട്ടബലാൽസംഗമാണോ നടന്നത് എന്നത് അന്വേഷിച്ചുവരികയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ഓഗസ്‌റ്റ് ഒമ്പതിനാണ് വനിതാ ഡോക്‌ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഞ്‌ജയ് റോയിയെ പിറ്റേന്ന് തന്നെ കൊൽക്കത്ത പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടർന്നാണ് കോടതി ഇടപെടുന്നതും കേസന്വേഷണം സിബിഐക്ക് കൈമാറുന്നതും.
അതിനിടെ, സംസ്‌ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ജൂനിയർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക് കടന്നിരിക്കുകയാണ്. വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടും ഡോക്‌ടർമാരുടെ സുരക്ഷയ്‌ക്ക് നടപടി ആവശ്യപ്പെട്ടുമാണ് ജൂനിയർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക് കടന്നിരിക്കുന്നത്.
മരണം വരെ നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാതെ ജോലിക്ക് ഹാജരാകുമെന്നും ജൂനിയർ ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്. ആശുപത്രികളുടെയും ഡോക്‌ടർമാരുടെയും സുരക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പട്ടിക സർക്കാർ പുറത്തിറക്കിയതോടെയാണ് ജൂനിയർ ഡോക്‌ടർമാർ 41 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചത്.
Most Read| കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ശക്‌തമായ ഇടിമിന്നൽ സാധ്യതയും