ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കറുത്ത മാസ്‌ക് ധരിച്ചയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. മാസ്‌ക് ധരിച്ച ഒരാൾ കാർ ഓടിക്കുന്നതും ദൃശ്യത്തിലുണ്ട്.
കാർ ചെങ്കോട്ടയ്‌ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാർക്കറ്റാണെന്നാണ് വിവരം. ട്രാഫിക് സിഗ്‌നൽ കാരണം കാർ നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിങ് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. സ്‍ഫോടനം നടന്ന സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കാറിന്റെ ഇപ്പോഴത്തെ ഉടമസ്‌ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നാണ് വിവരം. കഴിഞ്ഞമാസം 29നാണ് ഇയാൾ വാഹനം വാങ്ങിയത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായാണ് വിവരം. ബോംബ് സ്ഫോടനത്തിന് പിന്നാലെ ഡെൽഹി അതീവ സുരക്ഷയിലാണ്. മെട്രോ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, മറ്റു തിരക്കേറിയ മേഖലകൾ എന്നിവിടങ്ങളിൽ പരമാവധി പോലീസ് വിന്യാസം ഉറപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.
സംശയാസ്‌പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കാൻ ജനങ്ങൾക്കും നിർദ്ദേശമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ, വ്യാജ ചിത്രങ്ങൾ തുടങ്ങിയവ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ റേഞ്ച് ഐജിപിമാരോടും പോലീസ് കമ്മീഷണർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യാതിർത്തികളിലും സുരക്ഷ ശക്‌തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് നടക്കുന്ന ബിഹാറിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലും ജമ്മു കശ്‍മീരിലും ഉൾപ്പടെ സുരക്ഷാ സൈന്യത്തിന്റെ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് സുരക്ഷയുടെ ഭാഗമായി ഇന്ന് അടച്ചിടും. മറ്റു മാർക്കറ്റുകൾക്കും പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, സ്ഫോടനത്തിൽ കൊല്ലപ്പെട്ട എട്ടുപേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. യുഎസും ബ്രിട്ടനും ഇന്ത്യയിലുള്ള പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തുടനീളമുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്നാണ് എംബസികൾ അറിയിച്ചിരിക്കുന്നത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































