ന്യൂഡെൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ആയി ഐ20 കാറിന്റെ ഉടമയാണ് ഉമർ. ജമ്മു കശ്മീർ പുൽവാമ സ്വദേശിയായ ഉമർ അൽ ഫലാ മെഡിക്കൽ കോളേജിലെ ഡോക്ടറാണ്.
വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പോലീസ് സംഘം പിടികൂടിയ ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും അതേത്തുടർന്നാണ് സ്ഫോടനം നടത്തിയതെന്നുമാണ് സൂചനകൾ.
ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. വാഹനം മൂന്നുമണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വൈകീട്ട് 3.19ന് എത്തിയ കാർ 6.30നാണ് ഇവിടെ നിന്ന് പുറപ്പെട്ടത്.
ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡെൽഹി സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ഫോടനത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 24 പേർക്ക് പരിക്കേറ്റു.
അതിനിടെ, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ അടക്കം സുരക്ഷ കർശനമാക്കി. തിരുവനന്തപുരം ഉൾപ്പടെ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, വ്യോമസേനാ കേന്ദ്രങ്ങൾ, ഹെലിപാഡുകൾ, ഫ്ളൈയിങ് സ്കൂളുകൾ, എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കാനാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് അടിയന്തിര ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. നിരീക്ഷണം ശക്തമാക്കണം, സിഐടിവികൾ നൂറുശതമാനം പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കണം, കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം, യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപ് രണ്ടാംഘട്ട പരിശോധന നിർബന്ധമായി നടത്തണമെന്നും നിർദ്ദേശമുണ്ട്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































