ഇസ്‌ലാമാബാദ്: അതിർത്തിയിൽ വെടിനിർത്തലിന് ധാരണയായി പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും. ദോഹയിൽ നടന്ന മധ്യസ്‌ഥ ചർച്ചയിലാണ് തീരുമാനം. ഖത്തറും തുർക്കിയുമാണ് മധ്യസ്‌ഥരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരാനും തീരുമാനമായി. സംഘർഷം രൂക്ഷമായതോടെയാണ് ദോഹയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.
താലിബാൻ സർക്കാർ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നതായി ആരോപിച്ചാണ് അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്‌ഥാൻ ആക്രമണം നടത്തിയത്. സംഘർഷത്തിൽ ഇരുഭാഗത്തും ആൾനാശമുണ്ടായി. പാക്കിസ്‌ഥാൻ സേന അഫ്‌ഗാന്റെ അതിർത്തി മേഖലകളിൽ വെള്ളിയാഴ്‌ച രാത്രി നടത്തിയ ബോംബാക്രമണങ്ങളിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ പത്തുപേർ കൊല്ലപ്പെട്ടിരുന്നു.
ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായത്. താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയായിരുന്നു ആക്രമണം. വെള്ളിയാഴ്‌ച പുലർച്ചെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ നോർത്ത് വാസീറിസ്‌ഥാനിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേറാക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം.
ആക്രമണത്തിൽ നാല് ചാവേറുകളെ പാക്ക് സേന വധിച്ചിരുന്നു. കഴിഞ്ഞദിവസം ഒറാക്‌സായി ജില്ലയിലെ സേനാ ക്യാമ്പിന് നേരെ നിരോധിത സംഘടനയായ തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാന്റെ (ടിടിപി) ഹാഫിസ് ഗുൽ ബഹാദുർ വിഭാഗം നടത്തിയ ഭീകരാക്രമണത്തിൽ ലഫ്. കേണലും മേജറുമടക്കും 11 പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു.
പാക്ക് ആക്രമണത്തിൽ അഫ്‌ഗാനിലെ പക്‌തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽ നിന്നുള്ള കബീർ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നീ താരങ്ങൾക്കാണ് ജീവൻ നഷ്‌ടമായതെന്ന് അഫ്‌ഗാനിസ്‌ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു. പാക്കിസ്‌ഥാനും ശ്രീലങ്കയ്‌ക്കുമെതിരെ നടക്കാനിരുന്ന ത്രിരാഷ്‍ട്ര പരമ്പരയ്‌ക്കായി പാക്ക് അതിർത്തിയിലെ കിഴക്കൻ പക്‌തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമാക്രമണം ഉണ്ടായത്. ഇതോടെ ത്രിരാഷ്‍ട്ര പരമ്പരയിൽ നിന്ന് അഫ്‌ഗാൻ പിൻമാറി.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!