ന്യൂഡെൽഹി: പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്‌ടം സംഭവിച്ച 6 സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ മുതലായ പ്രകൃതി ദുരന്തങ്ങൾ മൂലം നാശനഷ്‌ടം സംഭവിച്ച സംസ്‌ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പെട്ടിമുടി ദുരന്തം ഉൾപ്പടെ സംഭവിച്ച കേരളത്തിന് സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം.
4381.88 കോടി രൂപയാണ് 6 സംസ്‌ഥാനങ്ങൾക്കും കൂടിയായി വിതരണം ചെയ്യുക. അംപൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്‌ചിമ ബംഗാളിന് 2707.77 കോടി രൂപയും, ഒഡീഷക്ക് 128.23 കോടിയും നൽകും. ചുഴലിക്കാറ്റിൽ വലിയ തോതിൽ നാശനഷ്‌ടം സംഭവിച്ച ഇരു സംസ്‌ഥാനങ്ങൾക്കും നേരത്തെ 1500 കോടി രൂപ വീതം പ്രധാനമന്ത്രി നൽകിയിരുന്നു.
ജൂണിൽ നിസർഗ ചുഴലിക്കാറ്റ് ദുരന്തം വിതച്ച മഹാരാഷ്‌ട്രക്ക് 268.59 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നാശം വിതച്ച കർണാടകക്ക് 577.84 കോടിയും, മധ്യപ്രദേശിന് 611.61 കോടിയും നൽകും. സിക്കിമിന് 87.84 കോടിയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: വാളയാർ അന്വേഷണം അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേട്; ഉമ്മൻ ചാണ്ടി