ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ പത്തംഗ സംഘത്തെ രൂപീകരിച്ചു. എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാഖ്‌റെയ്‌ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്‌മീർ, ഡെൽഹി പോലീസിൽ നിന്ന് എൻഐഎ കേസിന്റെ രേഖകൾ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ലാൽ കില മെട്രോ സ്‌റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാൽ ഡിഎംആർസി അടച്ചിട്ടുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പോലീസ് അറിയിച്ചു. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്‌താഖാണ് കസ്‌റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്‌തതായും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം, സ്‌ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. ഫരീദാബാദിൽ 2900 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്‌ഡുകൾ നടക്കുകയും ചെയ്‌തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്‍ഫോടക വസ്‌തുക്കൾ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്‌ഫോടനമെന്നാണ് നിഗമനം.
സ്‌ഫോടനമുണ്ടായ വെള്ള ഐ20 കാർ ഓടിച്ചത് ജമ്മു കശ്‌മീർ സ്വദേശിയായ ഉമർ നബി എന്ന ഡോക്‌ടറാണെന്നാണ് പുറത്തുവരുന്ന വിവരം. സ്‍ഫോടനത്തിന് മൂന്നുദിവസം മുൻപേ ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്‌മീർ, ഹരിയാന പോലീസ് സംഘം പിടികൂടിയ ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
ഉമറും മുസ്സമീലും നേരത്തെ റെഡ് ഫോർട്ട് പരിസരത്ത് എത്തിയിരുന്നു. ഈവർഷം ജനുവരിയിൽ സ്‍ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്‍ഫോടനം നടന്ന ദിവസം ഡെൽഹി മയൂർ വിഹാറിലും ഉമറിന്റെ വാഹനം എത്തിയെന്നും പോലീസ് പറയുന്നു. സ്‍ഫോടനം നടന്ന തിങ്കളാഴ്‌ച പകൽ 8.13ന് ബദൽപുർ ടോൾ പ്ളാസ വഴിയാണ് കാർ ഡെൽഹിയിലേക്ക് പ്രവേശിച്ചത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































