തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ മോഷ്‌ടാവ് പിടിയിൽ. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പോലീസ് പത്തുലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ കട ബാധ്യത വീട്ടാനാണ് മോഷ്‌ടിച്ചതെന്നാണ് പ്രതിയുടെ ആദ്യ മൊഴി.
വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കവർച്ച നടത്തി മൂന്നാം ദിവസമാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. 15 ലക്ഷത്തോളം രൂപയാണ് ബാങ്കിലെ ക്യാഷ് കൗണ്ടറിൽ നിന്ന് ഇയാൾ കവർന്നത്. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ബൈക്കിലെത്തിയ മോഷ്‌ടാവ് കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിന്റെ ഗ്ളാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാർ പറയുന്നത്.
പിന്നാലെ കൈയിൽ കിട്ടിയ കറൻസികൾ എടുത്ത ശേഷം ഇയാൾ സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടക്കം അടിസ്‌ഥാനത്തിൽ പ്രതി അങ്കമാലി ഭാഗത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പടെയുള്ള മേഖലകളിലാണ് പോലീസ് പരിശോധന നടത്തിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ