കൊച്ചി: ചേമ്പർ ഓഫ് കോമേഴ്‌സിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. പണം ദുബായിലേക്ക് കടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തി. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതിന് 5 ഭാരവാഹികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു.
കേരള ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ കണക്കുകളിൽ അടിമുടി കൃത്രിമം കണ്ടെത്തിയതായാണ് ഇഡി റിപ്പോർട്. വെട്ടിച്ച പണം ദുബായിലെ വ്യവസായ സംരംഭത്തിൽ നിക്ഷേപിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു.
കൂടാതെ ട്രേഡ് സെന്റർ നിർമാണത്തിനെടുത്ത ലോണുകളും വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ക്രൈം ബ്രാഞ്ച് വിഭാഗം 5 പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. കൊച്ചി ചേമ്പർ ഓഫ് കോമേഴ്‌സിനെതിരെ 23 കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
കെട്ടിട നിർമാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. അഡ്വാൻസ് വാങ്ങിയ കോടികൾ സ്‌ഥാപനത്തിന്റെ അക്കൗണ്ടിൽ സൂക്ഷിക്കാതെ മുൻ ഭാരവാഹികൾ വകമാറ്റി ചിലവഴിച്ചെന്നാണ് പരാതി. കൂടാതെ കടകള്‍ അനുവദിക്കാം എന്നതടക്കമുള്ള വാഗ്‌ദാനങ്ങൾ നൽകി മുന്‍ പ്രസിഡണ്ട് മന്‍സൂര്‍ പലരില്‍ നിന്നും പണം വാങ്ങിയെന്നും നിലവിലെ ഭാരവാഹികള്‍ പറയുന്നു.
Most Read: ശമ്പളം വെട്ടിക്കുറക്കൽ; 31ന് സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിക്കും