കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് അറിയിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
രമ്യ ഹരിദാസാണ് പരിപാടി ഏറ്റിരുന്നത്. നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായിൽ പോയ ശേഷം പുലർച്ചെ അഞ്ചുമണിക്കാണ് കോഴിക്കോട്ട് എത്തിയത്. സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും. ഞാനൊരു മനുഷ്യനല്ലേ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
എല്ലാ കാര്യങ്ങളിലും വിവാദമുണ്ടാക്കിയാൽ ബുദ്ധിമുട്ടാണ്. അത് ശരിയായ നിലപാടല്ല. എല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണ്. ഡിസിസി അധ്യക്ഷന്റെ പരാതി പാർട്ടിയിൽ തീർക്കും. രമ്യ ഹരിദാസിന്റെ ഫോട്ടോ ചേർത്ത നോട്ടീസ് വെച്ചുള്ള പരിപാടിയായിരുന്നു അതെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
ഡിസിസിയിൽ നിന്നുള്ള നിർദ്ദേശം ഉണ്ടായിട്ടും കോഴിക്കോടുള്ള ചാണ്ടി ഉമ്മൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നതാണ് വിവാദത്തിനിടയാക്കിയത്. പരിപാടിയിൽ പങ്കെടുക്കാൻ ഡിസിസി ആവശ്യപ്പെട്ടിരുന്നതായി ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ വ്യക്‌തമാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എ ഗ്രൂപ്പായതിനാൽ സിദ്ദിഖ് വിഭാഗം ഇടപെട്ട് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കി എന്നാണ് ആരോപണം ഉയർന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോർപ്പറേഷനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടിയുടെ നടപടിയെന്നും ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം