കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തിൽ തന്നെ പാർട്ടി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയാമെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎൽഎ.
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്‌ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്‌തിക്ക് കാരണം. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ അതൃപ്‌തി പ്രകടമാക്കിയത്.
വളരെയധികം കഷ്‌ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിൻ വർക്കി. നടപടിയിൽ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ നമ്മളെല്ലാവരും ബാധ്യസ്‌ഥരാണ്. ഇഷ്‌ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതൽ പരിഗണിക്കപ്പെടേണ്ട ആളാണ് അബിനെന്നതിൽ ആർക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വൈസ് പ്രസിഡണ്ട് എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രവർത്തിച്ചിരുന്ന അബിനെ കൂട്ടി പരിഗണിച്ച് വേണമായിരുന്നു തീരുമാനം എടുക്കാൻ. പക്ഷേ, തീരുമാനമെടുത്ത സാഹചര്യത്തിൽ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവർക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
”എന്റെ പിതാവിന്റെ ഓർമദിനം എന്നെ സ്‌ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. എന്താണ് പുറത്താക്കിയതിന് കാരണമെന്ന് എല്ലാവർക്കും അറിയാം. ഇതിപ്പോൾ പറയുന്നില്ല. ഒരു ദിവസം ഞാൻ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ”- ചാണ്ടി ഉമ്മൻ പറഞ്ഞു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം