കോട്ടയം: ജെയ്‌നമ്മ തിരോധനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്‌റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്‌തക്കറ ജെയ്‌നമ്മയുടേതെന്ന് സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സ്‌ഥിരീകരണമുണ്ടായത്.
ജെയ്‌നമ്മയെ സെബാസ്‌റ്റ്യൻ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതൽ ബാലംപകരുന്ന തെളിവാണിത്. നേരത്തെ സെബാസ്‌റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയിൽ നിന്ന് രക്‌തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ ശരീരാവശിഷ്‌ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാൽ, ശരീരാവശിഷ്‌ടങ്ങളുടെ ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
സെബാസ്‌റ്റ്യൻ വിവിധ പണമിടപാട് സ്‌ഥാപനങ്ങളിലായി പണയംവെച്ച സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്‌മനാഭൻ (52), വാരനാട് സ്വദേശി റിട്ട. ഗവ. ഉദ്യോഗസ്‌ഥ ഐഷ (57), കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ (54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്‌റ്റ്യനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇവർ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാലായിൽ വീട്ടിൽ മാത്യുവിന്റെ ഭാര്യ ജെയിൻ മാത്യു എന്ന ജെയ്‌നമ്മയെ 2024 ഡിസംബർ 23ന് രാവിലെ വീട്ടിൽ നിന്ന് കാണാതായെന്നാണ് പരാതി. ഇവർ സ്‌ഥിരമായി ധ്യാനകേന്ദ്രങ്ങളിൽ പോവുകയും താമസിക്കുകയും ചെയ്‌തിരുന്നു. ഇവിടെ വെച്ചാകാം സെബാസ്‌റ്റ്യനുമായി സൗഹൃദമായതെന്നാണ് സൂചന.
ഏറ്റുമാനൂർ പോലീസെടുത്ത കേസ് നിലവിൽ കോട്ടയം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്‌നമ്മയുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഹസനത്തിലാണ് സെബാസ്‌റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്‌ടം കണ്ടെത്തിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ