ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിലെ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്‌ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകും. ഛത്തീസ്‌ഗഡ് സ്വദേശികളായ യുവതികളെ ജോലിക്കായി കൊണ്ടുപോയതാണെന്നും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഇവർ കോടതിയെ അറിയിക്കും.
അതേസമയം, കന്യാസ്‌ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെ ആർപിഎഫ് ഇന്ന് ചോദ്യം ചെയ്യും. കോടതി റിമാൻഡ് ചെയ്‌ത കന്യാസ്‌ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്‌ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.
അതിനാൽ കോടതിയുടെ നിലപാട് കന്യാസ്‌ത്രീകകളെ സംബന്ധിച്ച് നിർണായകമാണ്. ഇതിനിടെ, കന്യാസ്‌ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മൊഴി മാറ്റിയതായി വിവരമുണ്ട്. മറ്റൊരു കുട്ടി കൂടി മൊഴി മാറ്റിയാൽ ഇവരുടെ മോചനം വൈകിയേക്കും. ശനിയാഴ്‌ചയാണ് ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്‌ത്രീകളെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്‌റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്‌റ്റർ പ്രീതി മേരി എന്നിവരാണ് അറസ്‌റ്റിലായത്. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. നാരായൺപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പം ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
19 മുതൽ 22 വയസുള്ളവരായിരുന്നു ഇവർ. റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്‌ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്‌തു. കന്യാസ്‌ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു.
മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്‌തവരാണെന്നും പെൺകുട്ടികൾ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ് ദൾ പ്രവർത്തകരോ പോലീസോ തയ്യാറായില്ലെന്നാണ് ആരോപണം.
അതിനിടെ, കന്യാസ്‌ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്‌തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം






































