ബെയ്‌ജിങ്: യുഎസിനെ പിന്തുണയ്‌ക്കുന്നതും, ചൈനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതുമായ വ്യാപാര ഉടമ്പടികളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുഎസുമായി മറ്റു രാജ്യങ്ങൾ കരാറിൽ ഏർപ്പെടുന്നത് നോക്കിനിൽക്കില്ലെന്നും ചൈന വ്യക്‌തമാക്കിയിട്ടുണ്ട്.
താരിഫ് നിയമത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കൊമ്പുകോർക്കുന്ന പശ്‌ചാത്തലത്തിലാണ് യുഎസുമായി വ്യാപാര ഉടമ്പടികൾ ഉണ്ടാക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. മറ്റു രാജ്യങ്ങൾക്ക് യുഎസ് പത്തുശതമാനം താരിഫ് ഏർപ്പെടുത്തിയപ്പോൾ ചൈനയ്‌ക്ക് ഇത് 145 ശതമാനമാണ്. മറുപടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന താരിഫ് 125 ശതമാനമായി വർധിപ്പിക്കുകയും ചെയ്‌തിരുന്നു.
”യുഎസിനെ പ്രീതിപ്പെടുത്തുന്നത് സമാധാനം കൊണ്ടുവരാനിടയാക്കില്ല. വ്യാപാരയുദ്ധത്തിൽ ഇത്തരം വിട്ടുവീഴ്‌ചകൾ ചെയ്യുന്നത് ആദരിക്കപ്പെടുകയില്ല. മറ്റുള്ളവരുടെ ലാഭത്തിന് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നത് ഒടുവിൽ എല്ലാവർക്കും ദോഷകരമാകും”- ചെനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം, ചൈനയുമായി ചർച്ചകൾ തുടരുകയാണെന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇതിനോട് ചൈന പ്രതികരിച്ചിട്ടില്ല. യുഎസിന്റെ നിലപാട് ഏകപക്ഷീയമാണെന്നും അത് അംഗീകരിച്ചു കൊടുത്താൽ, ലോകം കാട്ടുനീതിയിലേക്ക് തിരികെ പോകേണ്ടി വരുമെന്നുമാണ് ചൈനയുടെ വിമർശനം.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ