ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തല്‍. രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കള്‍, ചീഫ് ജസ്റ്റിസ്, മാദ്ധ്യമങ്ങള്‍, വ്യാപാരികള്‍, കുറ്റവാളികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഷാന്‍സെന്‍ ആസ്ഥാനമായ ഷെന്‍ഹുവ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡാണ് ഇന്ത്യക്കാരെ നിരീക്ഷിക്കുന്നത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയും കുടുംബവും, മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, അശോക് ഗെഹ്ലോട്ട്, അമരീന്ദര്‍ സിംഗ്, ഉദ്ധവ് താക്കറെ, നവീന്‍ പട്നായിക്, ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, പ്രതിരോധ മേധാവി ബിപിന്‍ റാവത്ത്, ചീഫ് ജസ്റ്റിസ് ശരദ് ബോബ്ഡെ, സഹോദരനും ജഡ്ജുമായ എഎം ഖാന്‍വില്‍ക്കര്‍, ലോക്പാല്‍ ജസ്റ്റിസ് പിസി ഖോസെ, സിഎജി ജിസി മുര്‍മു, വിവിധ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകരായ നിപുന്‍ മെഹ്റ, അജയ് ടെഹ്രാന്‍, രത്തന്‍ ടാറ്റ, ഗൗതം അദാനി എന്നിങ്ങനെ പതിനായിരം ഇന്ത്യക്കാരാണ് ചൈനീസ് നിരീക്ഷണത്തില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിന് പുറമെ ശാസ്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സ്പോര്‍ട്ട്സ് താരങ്ങള്‍, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്. ചൈനീസ് ഇന്റലിജന്‍സ്, മിലിറ്ററി, സെക്യൂരിറ്റി ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെന്‍ഹുവയെന്ന് കമ്പനി അവകാശപ്പെടുന്നു. 2018 ഏപ്രിലില്‍ ആണ് ഷെന്‍ഹുവ സ്ഥാപിതമായത്. കമ്പനിക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രൊസസിംഗ് സെന്ററുകളും ഉണ്ട്.
Also Read: ഉമർ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്