നാണക്കേട്, ശബ്‌ദമുയരണം; ഉമർ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്

By Desk Reporter, Malabar News
Prakash Raj_2020 Sep 14
Ajwa Travels

ന്യൂ ഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “നാണക്കേട്.. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തേടിപ്പിടിച്ച് വേട്ടയാടുന്ന ഈ നടപടിക്കെതിരെ ഇപ്പോൾ ശബ്‌ദം ഉയർത്തിയില്ലെങ്കിൽ .. നമ്മൾ ലജ്ജിക്കണം”- അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ ഉണ്ടായ കലാപത്തിൽ ഉമർ ഖാലിദിന് പങ്കുണ്ട് എന്നാണ് ഡെൽഹി പോലീസിന്റെ ആരോപണം. ഡെൽഹി പൊലീസിലെ സ്‌പെഷ്യൽ സെൽ ആണ് ഉമറിനെ അറസ്‌റ്റ് ചെയ്‌തത്‌. യുഎപിഎ ചുമത്തിയാണ് അറസ്‌റ്റ് എന്നാണ് റിപ്പോർട്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Related News:  ഡെൽഹി കലാപം; ഉമർ ഖാലിദ് അറസ്റ്റിൽ

ഓഗസ്റ്റ് ഒന്നിന് ഡെൽഹി പോലീസ് ഉമറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. ഷഹീൻബാഗിൽ ഇയാൾ നടത്തിയ പ്രസംഗം വിദ്വേഷം പടർത്തുന്നതാണ് എന്ന പരാതിയെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഉമറിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചുവെച്ചിരുന്നു. കലാപം നടക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് ജൂണിൽ അറസ്‌റ്റിലായ ഖാലിദ് സൈഫിയുമൊത്ത് ഷഹീൻബാഗിൽ ഉമർ പ്രസംഗിച്ചിരുന്നു. കലാപത്തിൽ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിനെ ബന്ധിപ്പിച്ചത് മുൻപ് അറസ്‌റ്റിലായ ഖാലിദ് സൈഫിയാണെന്ന് പോലീസ് ആരോപിക്കുന്നു.

11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉമർ ഖാലിദ് ഡെൽഹി കലാപത്തിന്റെ സൂത്രധാരനാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. ഉമർ ഖാലിദിന്റെ പിതാവും അറസ്‌റ്റ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഡെൽഹി കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ദ്ധ ജയതി ഘോഷ്, ഡെൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ് എന്നിവർക്കെതിരെ പോലീസ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE