ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ഡെൽഹി പോലീസിന് രൂക്ഷവിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി. അന്വേഷണ ഉദ്യോഗസ്‌ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പോലീസ് മുൻകൂട്ടി നിശ്‌ചയിച്ച പോലെ കുറ്റപത്രം തയ്യാറാക്കിയെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. കേസിൽ പോലീസ് പ്രതിയാക്കിയ മൂന്ന് പേരെ വെറുതെ വിട്ടു. കേസിൽ പോലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയോയെന്ന് പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി.
വസീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. ഡെൽഹിയിലെ നോർത്ത് ഈസ്‌റ്റ് ഡിസ്‌ട്രിക്‌ട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഡെൽഹി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ കോടതി വെറുതെ വിട്ടിരുന്നു. ചാന്ദ്ബാഗില്‍ നടന്ന കലാപക്കേസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെതിരെ 2020 ജൂലൈയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മറ്റൊരു വിദ്യാർഥി നേതാവ് ഖാലിദ് സൈഫിയെയും ഡെൽഹിയിലെ കർക്കദ്ദൂമ കോടതി വെറുതെവിട്ടിരുന്നു. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ, അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതേവരെ 25 പേരാണ് കേസിൽ അറസ്‌റ്റിലായത്.
Most Read| ഓണാഘോഷം; ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരം