ജഹാംഗീർപുരിയിലെ പൊളിക്കൽ; സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി

By Desk Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്‌ഥിതി തുടരണമെന്നും രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടീസ് ലഭിച്ചോയെന്ന് ഹരജിക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവകരമായി കാണുന്നുവെന്നാണ് കോടതി പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കെതിരായ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായത്. നോട്ടീസില്ലാത്ത ഒഴിപ്പിക്കല്‍ നടപടി നിയമ വാഴ്‌ചക്ക് എതിരാണെന്ന് ദുഷ്യന്ത് ദവെ കോടതിയില്‍ വാദിച്ചു.

ജീവിക്കാനുള്ള അവകാശത്തില്‍ പാര്‍പ്പിടത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന വാദമാണ് വാദിഭാഗം പ്രധാനമായും ഉന്നയിച്ചത്. പൊളിക്കല്‍ നടപടി പൂര്‍ണമായും സ്‌റ്റേ ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഹരജികള്‍ ജസ്‌റ്റിസുമാരായ എല്‍എന്‍ റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്.

ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള ദൂരവ്യാപകമായ ചോദ്യങ്ങള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ ഉയര്‍ത്തുന്നുണ്ടെന്ന് ദുഷ്യന്ത് ദവെ സുപ്രീം കോടതിയെ അറിയിച്ചു. 11 മണിക്കാണ് വാദം ആരംഭിച്ചത്. ഇത് ജഹാംഗീര്‍പുരിയുടെ മാത്രം വിഷയമല്ല. സാമൂഹ്യ നീതിയുടെ പ്രശ്‌നമാണ്. ഇത് അനുവദിക്കുന്നത് നാടിന്റെ നിയമവ്യവസ്‌ഥ അപ്രസക്‌തമാക്കുന്നതിന് തുല്യമായിരിക്കുമെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.

ഒഴിപ്പിക്കല്‍ നടപടിക്കെതിരായ സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഹരജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാതെയുമാണ് പൊളിക്കൽ നീക്കം ആരംഭിച്ചതെന്ന് ബൃന്ദ കാരാട്ട് ഹരജിയിൽ പറയുന്നു.

ഡെൽഹി മുനിസിപ്പൽ കോർപറേഷൻ ചട്ടത്തിനും ഭരണഘടനാ വ്യവസ്‌ഥിതികൾക്കും വിരുദ്ധവും സ്വാഭാവിക നീതിയുടെ എല്ലാ തത്വങ്ങളും ലംഘിക്കുന്നതായിരുന്നു നടപടികൾ. വിവേചനപരവും ഏകപക്ഷീയവുമായ പൊളിക്കലിന്റെ മറവിൽ ഒരു വർഗീയ രാഷ്‌ട്രീയ ഗെയിം പ്‌ളാൻ പ്രവർത്തിച്ചുവെന്നും അവർ ആരോപിച്ചു.

ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഡെൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം ബൃന്ദ കാരാട്ട് ഇന്നലെ നേരിട്ടെത്തി തടഞ്ഞിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ കോടതി നിർദ്ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. പിന്നീട് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്‌ഥലത്ത് എത്തുകയായിരുന്നു.

Most Read:  കുട്ടികളെ ബലാൽസംഗം ചെയ്‌താൽ ഷണ്ഡീകരണം; നിയമം കടുപ്പിച്ച് പെറു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE