അച്ചടക്ക നടപടി നേരിട്ട ഹരിത നേതാക്കൾക്ക് യൂത്ത് ലീഗ് ഭാരവാഹിത്വം തിരികെ നൽകി

ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറിയായി നിയമിച്ചു. മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡണ്ടായും നജ്‌മ തബ്‌ഷിറയെ ദേശീയ സെക്രട്ടറി സ്‌ഥാനത്തേക്കും നിയമിച്ചു.

By Trainee Reporter, Malabar News
msfharitha-dissolve
Representational Image
Ajwa Travels

കോഴിക്കോട്: അച്ചടക്ക നടപടി നേരിട്ട ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം തിരികെ നൽകി മുസ്‌ലിം ലീഗ്. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറിയായി നിയമിച്ചു. മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡണ്ടായും നജ്‌മ തബ്‌ഷിറയെ ദേശീയ സെക്രട്ടറി സ്‌ഥാനത്തേക്കും നിയമിച്ചു.

ഇവർക്ക് പുറമെ നടപടി നേരിട്ട എംഎസ്എഫ് നേതാക്കൾക്കും പുതിയ ഭാരവാഹിത്വം നൽകി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ടായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായും നിയമിച്ചു. എംഎസ്എഫ് സംസ്‌ഥാന നേതൃത്വം ഉയർത്തിയ എതിർപ്പ് അവഗണിച്ചായിരുന്നു പുറത്താക്കപ്പെട്ട എംഎസ്എഫ് നേതാക്കളെ മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തത്.

എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിക്കാനുള്ള തീരുമാനം ആഴ്‌ചകൾക്ക് മുമ്പാണ് മുസ്‌ലിം ലീഗ് കൈകൊണ്ടത്. 2021 ജൂൺ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ഹരിത സംഘത്തെ അഭിസംബോധന ചെയ്‌തതാണ്‌ വിവാദമായത്.

സംഘടന സംബന്ധിച്ച വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ നവാസ്, ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം’ ഉണ്ടാകുമെന്നാണ് വിമർശിച്ചതെന്ന് ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോണിലൂടെ വിളിച്ചും അസഭ്യം പറഞ്ഞുവെന്നും ഇവരുടെ പരാതിയിൽ ആരോപിച്ചിരുന്നു.

വൈകാതെ, ജില്ലാ പ്രസിഡണ്ട് കബീർ ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹരിത നേതാവ് ആഷിഖ ഖാനയും രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം എന്ന ആവശ്യം ഹരിത നേതാക്കൾ അംഗീകരിക്കാതെ വന്നത് ലീഗിനെ ചൊടിപ്പിച്ചിരുന്നു.

എന്നാൽ, ലൈംഗിക അധിക്ഷേപം അടക്കം സ്‌ത്രീകൾക്ക് എതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയ പികെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ചു നിന്നു. പ്രശ്‌നം അവസാനിപ്പിക്കാൻ പരസ്യ മാപ്പ് തന്ത്രത്തിലൂടെ ലീഗ് ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ, ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്‌തു.

ഇതോടൊപ്പം, ഹരിത നേതാക്കൾക്കൊപ്പം നിന്ന എംഎസ്എഫ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഉറച്ചു നിന്നതോടെ പോലീസ് കേസുമായി മുന്നോട്ടു പോവുകയായിരുന്നു. അതിനിടെ, പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷന്‍ പികെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പികെ നവാസ് സ്‍ത്രീത്വത്തെ അപമാനിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

Most Read| ‘കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ’; കോടതിയിൽ തുറന്ന് സമ്മതിച്ച് കമ്പനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE