കണ്ണൂർ: നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകളുള്ള ചിറക്കൽ സ്‌റ്റേഷൻ നിർത്തലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ നടപടിയിൽ നിന്ന് പിന്നോട്ട് വലിഞ്ഞ് റെയിൽവേ. സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഉറപ്പ് നൽകി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്ടെ വെള്ളറക്കാട് സ്‌റ്റേഷനും ജനങ്ങൾക്ക് വേണ്ടി തുറന്ന് പ്രവർത്തിക്കുമെന്നും കത്തിൽ പറയുന്നു. തിങ്കളാഴ്‌ച മുതൽ ചിറക്കൽ സ്‌റ്റേഷൻ അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്‌ചയാണ് കമേഴ്‌ഷ്യൽ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌റ്റേഷനിൽ നിന്ന് ഹാൾട്ട് ഏജന്റ് ടിക്കറ്റ് വിതരണം ചെയ്യുന്നതും വിലക്കിയിരുന്നു. ഇതോടെ നാട്ടുകാർ കടുത്ത എതിർപ്പുമായി രംഗത്തിറങ്ങുകയായിരുന്നു.
സ്‌ഥിരം യാത്രക്കാരുൾപ്പടെ നിരവധിപ്പേരാണ് ചിറക്കൽ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. വരുമാനം കുറവാണെന്ന് കാണിച്ച് വർഷങ്ങൾക്ക് മുമ്പാണ് ചിറക്കലിനെ ഹാൾട്ട് സ്‌റ്റേഷനാക്കിയത്. എന്നാൽ, കോവിഡിന് ശേഷം പാസഞ്ചർ ട്രെയിനുകളെല്ലാം എക്‌സ്‌പ്രസ് നിരക്കിൽ സർവീസ് നടത്താൻ തുടങ്ങിയതോടെ ഹാൾട്ട് സ്‌റ്റേഷനുകളെ റെയിൽവേ പൂർണമായും ഒഴിവാക്കി.
പാസഞ്ചർ ട്രെയിനുകളുടെ എണ്ണവും കുറച്ചതോടെ രണ്ട് ട്രെയിനുകൾ മാത്രമേ ചിറക്കലിൽ നിർത്തിയിരുന്നുള്ളൂ. ചിറക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറക്കൽ റെയിൽവേ സ്‌റ്റേഷൻ സംരക്ഷണ സംഗമം നടത്തിയിരുന്നു. യാത്രക്കാരും നാട്ടുകാരും ജനപ്രതിനിധികളും സംരക്ഷണ സംഗമത്തിൽ അണിചേർന്നു.
Most Read| കോഴിക്കോട്-വയനാട് തുരങ്കപാത; കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി