കണ്ണൂർ: ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങളുടെ മുന്നോടിയായി ജില്ലയിൽ എക്‌സൈസ് ഡിവിഷൻ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി. വ്യാജ-അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്ന് വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുക. മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി ക്രമീകരണങ്ങൾ നടത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
കൂടാതെ, എക്‌സൈസ് പ്രിവന്റീവ് ഓഫിസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂമും എക്‌സൈസ് ഡിവിഷൻ ഓഫിസിൽ പ്രവർത്തനം തുടങ്ങി. താലൂക്ക് പരിധിയിൽ സർക്കിൾ ഇൻസ്‌പെക്‌ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകൾ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും കോളനികളിലും സംയുക്‌ത പരിശോധന നടത്തും.
Most Read: റാവത്തിന്റെ നില ഗുരുതരം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന






































