തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി എംഎസ് സൊല്യൂഷൻസ് സെന്ററിന്റെ ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.
സ്‌ഥാപനത്തിന്റെ ഓൺലൈൻ ക്ളാസുകളിലെ അശ്‌ളീല പരാമർശങ്ങളിലും പരിശോധന തുടങ്ങിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ കെഎസ്‌യു കോഴിക്കോട് റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിന്റെ വീഡിയോ പരിശോധിച്ച ശേഷമായിരിക്കും സ്‌ഥാപനത്തിലെ അധ്യാപകരുടെയും ഡയറക്‌ടർമാരുടെയും മൊഴി എടുക്കുക.
വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് കൈമാറിയ പരാതിയിൽ പോലീസ് ഇന്ന് തുടർനടപടികളിലേക്ക് കടക്കും. എംഎസ് സൊല്യൂഷൻസിന്റെ ഓൺലൈൻ ക്ളാസുകളിലെ അശ്‌ളീല പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ കൊടുവള്ളി പോലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. എഐവൈഎഫ് ആണ് അശ്‌ളീല ഉള്ളടക്കം സംബന്ധിച്ച പരാതി പോലീസിന് നൽകിയത്.
അതേസമയം, യുട്യൂബ് ചാനലിന്റെ പ്രവർത്തനം നിർത്തുന്നതായി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് വ്യക്‌തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുണ്ട് ഉന്നതതല യോഗം ഇന്ന് ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കും.
എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്‌മസ് പരീക്ഷക്ക് മുൻപ് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ